Monday, June 29, 2015

38-ഒൻപതാം  ശ്ലോകം ..


“ ജാഗരിതസ്താനോ വൈശ്വാനരോകാരഃ പ്രഥമ മാത്രാ,ആപ്‌തേരാദിമത്വാദ്വാപ്നോതി ഹ വൈ സർവാൻ കാമാനാദിശ്ച ഭവതി യ ഏവം വേദ.
ജാഗരിത സ്ഥാന:= ജാഗരിതമാകുന്ന സ്ഥാനത്തോടുകൂടിയ
വൈശ്വനര:= വൈശ്വാനരൻ 
ആപ്തേ  = ആപ്തിയാലോ = വ്യാപ്തിയാലോ
ആദി മത്ത്വാത് വാ = ആദിയോടുകൂടി ഇരിക്കകൊണ്ടോ
പ്രഥമാ മാത്രാ = ഒന്നാമത്തെ മാത്രയായ
അകാര:= അകാരമാകുന്നു
യ: = എവൻ
ഏവം വേദ;= ഇപ്രകാരം അറിയുന്നുവോ
സ:= അവൻ
സർവാൻ  കാമാൻ = എല്ലാ കാമങ്ങളെയും
ആപ്നൊതിഹവൈ = പ്രാപിക്കുന്നു
ആദി: ച = ആദിയായിട്ടും = മഹാന്മാരിൽ മുൻപനായിട്ടും
ഭവത:= ഭവിക്കുന്നു .
//////////// ജാഗരിത സ്ഥാന:= ജാഗരിതമാകുന്ന സ്ഥാനത്തോടുകൂടിയ
വൈശ്വനര:= വൈശ്വാനരൻ 
ആപ്തേ  = ആപ്തിയാലോ = വ്യാപ്തിയാലോ
ആദി മത്ത്വാത് വാ = ആദിയോടുകൂടി ഇരിക്കകൊണ്ടോ//////////////////   
ജാഗ്രത് സ്ഥാനമായ ഈ ബാഹ്യപ്രപഞ്ചമാണ്  ഒന്നാമതായി നാം അറിയുന്നത് .അധ്യാത്മികമായി അന്വേഷിക്കുന്നവൻ  ആദ്യം അറിയേണ്ടതും ഇതുതന്നെയാണെന്ന് ഋഷി പറയുന്നു...അതിനാൽ  ഈ ജീവിതതിലെ വിഷയങ്ങളായ പ്രകൃതിയെയുംഅയവിൽ വ്യാപരിക്കുന്ന പഞ്ചെന്ദ്രിയങ്ങളെയും  അതിലൂടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന മനസ്സിനെയും  അതിന്റെ ദുഖത്തെയും ,കാമത്തെയും,സുഖത്തെയും അനുഭവങ്ങളെയുമൊക്കെയാണ് ഒരുവൻ ആദ്യം പഠിക്കേണ്ടത് ..അല്ലാതെ സങ്കല്പ്പത്തില്മാത്രം അപ്പോൾ അവനു വിശ്വസിക്കാൻ കഴിയുന്ന ബ്രഹ്മത്തെയോ ഇശ്വരനെയോ അല്ല എന്ന് തറപ്പിച്ചു പറയുന്നു....കാരണം  തുരീയത്തിൽ സ്ഥിരമാകുന്നതിനു യോഗി തീരുമാനമെടുക്കുന്നതുവരെ (നിർവികൽപ്പ  സമാധി )ശരീരം അനുഭവതലത്തിൽ പ്രധാന്യമുള്ളിടത്തോളം ശരീരബോധം  ബാഹ്യപ്രപഞ്ചവുമായി ബന്ധപ്പെട്ടു നില്ക്കേണ്ടത് ആവശ്യമാണ്.അതിനാൽ  ബാഹ്യപ്രപഞ്ചവുമായുള്ള  ബന്ധം ഇടക്കുവച്ചു മുറിഞ്ഞു തൈജസ സങ്കൽപ്പ  ലോകം വലുതായി ഭ്രാന്തു പിടിക്കുവാനും സാധ്യതയുണ്ട് .നാം "കോമണ്‍ സെൻസ്"  എന്ന് വിളിക്കുന്നത്‌ ഈ ബാഹ്യപ്രപഞ്ചവുമായി ഉള്ള ബന്ധത്തെയാണ്...ഇങ്ങനെ സങ്കല്പ്പലോകം ഭ്രാന്തമായി വളരാതിരിക്കുവാനാണ് യജ്ഞം .വിഗ്രഹം പോലുള്ളവയെ ഉപയോഗിച്ചുള്ള   സഗുണാരാധന ഋഷിമാർ കണ്ടെത്തിയതും.
ഈ ബാഹ്യപ്രപഞ്ചത്തിന്റെ വ്യാപ്തിയാലും അത് ആദ്യം നാം അനുഭവിക്കുനതിനാലും അത് ഒന്നാമത്തെ മാത്രയായ   "അ " കാരമാകുന്നു.അ  കാരത്തിന്റെ പ്രത്യേകത എന്താണ് ? മനുഷ്യൻ  ആദ്യം ഉച്ചരിക്കുവാൻ പഠിക്കുന്നത് അകാരമാണ് .അതുകൊണ്ടാണ് അമ്മ എന്നർത്ഥം  വരുന്ന ആദ്യ വാക്കിൽ മിക്കവാറും ഭാഷകളിൽ അ  എന്ന  അക്ഷരം അടങ്ങിയിരിക്കുന്നത്.പലയിടത്തും ദൈവത്തെ സൂചിപ്പിക്കുന്ന പദങ്ങളിൽ (അല്ലാഹു ) അ  വന്നുകൂടിയിട്ടുണ്ടല്ലോ.എല്ലാ അക്ഷരത്തിന്റെയും  ഉച്ചാരണത്തിന്റെ  അടിത്തട്ടിൽ അ  മറഞ്ഞു കിടക്കുന്നു ..
///////////// പ്രഥമാ മാത്രാ = ഒന്നാമത്തെ മാത്രയായ
അകാര:= അകാരമാകുന്നു////////////////      
ഇത് ( അ ) ആദ്യമായി   വിജയിക്കേണ്ട ലോകമാണ്...അതായത് ഈ ലോകത്തെ പൂർണ്ണ  ബോധത്തോടെ അനുഭവിക്കുന്നവന് ഉള്ളതാണ് അടുത്തലോകങ്ങൾ .നമുക്ക്  പ്ലസ് ടു പാസാകാതെ  ഡിഗ്രിക്ക് അഡ്മിഷൻ കിട്ടുകയില്ലല്ലോ .ഒരുപക്ഷെ പ്രബുധരായവരിൽ ഒരു വലിയ വിഭാഗം രാജാക്കന്മാരോ  അല്ലെങ്കിൽ അതുപോലെ സമ്പന്നരോ  ആയിരുന്നു എന്നത് ശ്രദ്ധേയമാണ്...ബുദ്ധൻ ,കൃഷ്ണൻ ,മഹാവീരൻ,രാമൻ ,ജനകൻ ..അങ്ങനെ പോകുന്നു പോകുന്നു ആ  ലിസ്റ്റ് .അതിനുകാരണം അവർക്കാണ്  സമ്പത്തിന്റെ നിരർഥകത  ഏറ്റവും അറിയാവുന്നത് എന്നതാണ്..പലപ്പോഴും അവര്ക്കാണ് വേഗം വിരക്തിവരാൻ സാധ്യത.അവർ എല്ലാം ഉണ്ടായിട്ടും എല്ലാരും ഉണ്ടായിട്ടും ആരും ഇല്ലാത്തവരാണ്...ഉള്ളിൽ  കടുത്ത ഏകാന്തത അനുഭവിക്കുന്നവർ..ദരിദ്രന്റെ കണ്ണുകൾ  എപ്പോഴും  സമ്പത്തിലായിരിക്കും ... അവൻ കരുതുന്നു എനിക്ക് ധാരാളം പണം കിട്ടിയാൽ എല്ലാം വാങ്ങാമെന്ന് ...തന്റെ ജീവിതം സാക്ഷാത്കരിക്കപ്പെടുമെന്നു ..അവരോടു എത്ര തന്നെ ആത്മസാക്ഷാത്കാരത്തെ കുറിച്ചു പറഞ്ഞാലും ഈ ഒരു ചിന്ത  ഉപബോധ മനസ്സിൽ  ഉണ്ടാകും...താത്പര്യം മറഞ്ഞിരിക്കുകയാണ് ..ഒന്നുകിൽ ധാരാളം പണം ലഭിച്ച് അതിന്റെ നിരർഥകത പിടികിട്ടുക .അല്ലെങ്കിൽ അങ്ങനെയുള്ളവരെ നിരീക്ഷിച്ചു അത് ബോധ്യപ്പെടാൻ തക്ക നിശ്ചയ ദാർഡിയവും ശ്രമവും ഉണ്ടാകുക എന്നതാണ്. എന്നാൽ ആ ദരിദ്രൻ കരുതുന്നു ഈ വൈശ്വാനരലോകം ആണ് സത്യമെന്നും ഇതിലെ പണമാണ് സർവതും  നിയന്ത്രിക്കുന്നതെന്നും. അയാൾക്ക്‌ ഈ ലോകത്തിനെ ആദ്യത്തേതുമാത്രമായി  കാണുവാൻ അൽപ്പം  ശ്രമം വേണ്ടിവരുന്നു. സമ്പന്നൻ ഈ ലോകം നന്നായി അറിഞ്ഞവനാണ് .അവനറിയാം ഇതല്ലാതെ ആളുകൾ  വിചാരിക്കുന്ന ഈ വിഡ്ഢിത്തം അല്ലാതെ മറ്റെന്തൊക്കെയോ ആണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്ന്.......അതിനെകുറിച്ചറിയുവാൻ അവൻ കൂടുതൽ അത്മാർഥതയുള്ള ജിജ്ഞാസു ആണ്.അവനറിയാം ഈ വൈശ്വാനര പ്രപഞ്ചം വെറും ഒന്നാം പാദം  മാത്രമാണെന്നും  ചിലപ്പോഴൊക്കെ മാത്രം പിടിതരികയും മിക്കപ്പോഴും അവ്യക്തമായി  നിലകൊള്ളുകയും ചെയ്യുന്ന  മറ്റെന്തൊക്കെയോ പാദങ്ങൾ  ഇനിയും ഈ പ്രപഞ്ചത്തിനുണ്ടെന്നും .
////////////// യ: = എവൻ
ഏവം വേദ;= ഇപ്രകാരം അറിയുന്നുവോ
സ:= അവൻ
സർവാൻ  കാമാൻ = എല്ലാ കാമങ്ങളെയും
ആപ്നൊതിഹവൈ = പ്രാപിക്കുന്നു////////////// 
ഇങ്ങനെ  കാര്യങ്ങൾ അറിയുന്നവൻ  തന്റെ എല്ലാ ആഗ്രഹങ്ങളെയും പ്രാപിക്കുന്നു.ഒന്നാമതു അവൻ കാണുന്ന ആഗ്രഹങ്ങൾ തന്റെ സാഹചര്യ യാഥാർത്യങ്ങൾക്ക്  അനുസരിച്ച്ചുള്ളവയായിരിക്കും .മറ്റൊരുകാര്യം ഈ ലോകത്തിലെ  തന്റെ സമീപ ഭാവിയിലെ മിക്ക കാര്യങ്ങളെയും നന്നായി ഊഹിക്കാനുള്ള  കഴിവ് അവനുണ്ട്.അവൻ നല്ല ശ്രധയുള്ളവൻ  ആയിരിക്കും.ഇതിനൊക്കെ കാരണം അടിസ്ഥാനപരമായി അവൻ നല്ല ബോധ നിലവാരം ഉള്ളവൻ  ആയിരിക്കും .അതുകൊണ്ടുതന്നെ അവനവനെയും മറ്റുള്ളവരെയും തന്റെ അനുഭവജ്ഞാനവും  ശ്രദ്ധയും ബോധവും കൊണ്ട്  നിയന്ത്രിച്ചുകൊണ്ട് കാര്യങ്ങളെ തനിക്കനുകൂലമാക്കി എടുക്കുവാൻ കഴിവുണ്ടായി വരുന്നതിനാൽ അവന്റെ ആഗ്രഹങ്ങൾ എല്ലാം സഫലമാക്കപ്പെടുന്നു.
//////////// ആദി: ച = ആദിയായിട്ടും = മഹാന്മാരിൽ മുൻപനായിട്ടും
ഭവത:= ഭവിക്കുന്നു .////////////// 
 ഒരുവൻ  മഹാനാകണമെങ്കിൽ ഇതുമാത്രം പോര അവൻ മറ്റുള്ളവരുടെ ജീവിതതിൽ ശ്രേയസ്കരമായ മാറ്റങ്ങൾ വരുത്തെണ്ടതുണ്ട് .അങ്ങനെ സംഭവിക്കണമെങ്കിൽ അയാൾക്ക്‌ തന്റെ ആഗ്രഹങ്ങൾ മാത്രം സഫലമായാൽ പോര മറ്റുള്ളവരുടെയും ശ്രേയസ് ലക്ഷ്യമാക്കി പ്രവര്ത്തിക്കുവാൻ കഴിയണം... "അവനവൻ  ആത്മസുഖത്ത്ത്തിന്നു ആചരിക്കുന്നത് 
അപരന്നു സുഖത്തിനായ് വരേണം " എന്ന് ശ്രീനാരായണ ഗുരു പറഞ്ഞത്  ഈ അവസ്ഥയിലെക്കെത്തുവാനാണ് .സാധാരണ ഇതുരണ്ടും ഒന്നിച്ചു സംഭവിക്കുക അസാധ്യംതന്നെയാണ് ...കാരണം കച്ചവടക്കാരന്റെ   ആഗ്രഹ പൂർത്തീകരണം   ഉപഭോക്താവിന്റെ ദുഖത്തിലാണ് കലാശിക്കാര് .എന്നാൽ സത്യസന്ധമായി ഏവർക്കും  ശ്രേയസ്കരമായി പ്രവർത്തിക്കുവാൻ  അവനെ  ഈശ്വരൻ  സഹായിക്കുന്നു .കാരണം അവൻ ഒരുപാട് വളരുമ്പോഴും ഇനിയും തനിക്കൊരുപാട് അറിയാനുണ്ടെന്നും ഇത് ഒന്നാം പാദം  മാത്രമാണെന്നും  അറിയാവുന്നവനാണ്. ഒട്ടുംതന്നെ ഈഗോ  ഇല്ലാത്തവനായതിനാൽ ,ചെയ്യുന്നതെല്ലാം മറ്റുള്ളവര്ക്കുംകൂടി ശ്രേയസ്കരമായി വരുന്നതിനാൽ അവൻ മഹാന്മാരിൽ മുൻപനായി  തീരുന്നു..........

മഹോപനിഷത്ത് , രണ്ടാം അദ്ധ്യായം
ശ്രീശുകന്‍ കരങ്ങള്‍ കൂപ്പി വ്യാസമഹര്‍ഷിയോട് അഭ്യര്‍ത്ഥിച്ചു.
“മഹാമുനേ, ഈ സംസാരാഡംബരത്തിന്റെ ഉത്ഭവം എങ്ങനെയാണ്? ഇത് എങ്ങനെയാണ് വിലയം പ്രാപിക്കുന്നത്? ഇത് എന്താണ്? ആരുടേതാണ്? ഇത് എപ്പോഴുണ്ടായി? അങ്ങ് ദയവു ചെയ്ത് ഇതെല്ലാം എനിക്ക് പറഞ്ഞു തന്നാലും.” 
ശ്രീശുകനോട് ചെറുചിരിയോടെ വ്യാസമഹര്‍ഷി പറഞ്ഞു:
“ശ്രീശുകാ, ഈ വിഷയത്തില്‍ പരിപൂര്‍ണ്ണ ജ്ഞാനമുള്ള ഒരാളെ സമീപിക്കുക. മിഥിലാധിപതിയായ ജനകമഹാരാജാവ് നിന്റെ എല്ലാ സംശയങ്ങളേയും തീര്‍ക്കുവാന്‍ മാത്രം അറിവുള്ളവനാണ്. താല്പര്യമുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് പോകുക!”
ശ്രീശുകന്‍ വളരെദൂരം യാത്ര ചെയ്തത് ജനകമഹാരാജാവിന്റെ മിഥിലാപുരിയില്‍ പ്രവേശിച്ചു.
ശുകദേവന്‍ ജനകമഹാരാജാവിന്റെ അനുമതിയും കാത്ത് അവിടെ തന്നെ ഒരു പ്രതിമയെപ്പോലെ ശാന്തഗംഭീരനായി നിന്നു.
ഏഴുദിവസങ്ങള്‍ കടന്നുപോയി. അതുവരെ ജനകമഹാരാജാവ് തന്റെ അതിഥിയെപ്പറ്റി ആരോടും ഒന്നും അന്വേഷിച്ചില്ല. എട്ടാം ദിവസം ശ്രീശുകനെ കൊട്ടാരത്തിന്റെ മുറ്റത്തേയ്ക്കു ക്ഷണിച്ചു.ജനകന്റെ ആജ്ഞപ്രകാരം കവാടത്തിനു പുറത്തു നിന്ന് അകത്തുകടന്ന ശ്രീശുകദേവന്‍ ഏഴുദിവസം അവിടെ കാത്തു നില്ക്കേണ്ടിവന്നു. ആരും ഒന്നും അന്വേഷിച്ചില്ല. പഴയപടി കാത്തുനിന്നു. വീണ്ടും എട്ടാം ദിവസം അദ്ദേഹത്തെ അന്തഃപുരത്തിലേയ്ക്ക് ക്ഷണിച്ചു. അവിടെയും ഏഴുദിവസങ്ങള്‍ കാത്തുനില്ക്കേണ്ടിവന്നു. ​ഇപ്പോള്‍ ആകെ ഇരുപത്തിയൊന്ന് ദിവസങ്ങള്‍ കഴിഞ്ഞിരുന്നു.ഇരുപത്തിരണ്ടാം ദിവസം ജനകമഹാരാജാവ് തന്റെ വിശിഷ്ടാതിഥിയെ കാണുവാനും സ്വീകരിക്കുവാനും തയ്യാറായി. കൊട്ടാരത്തിലെ ഏറ്റവും സുന്ദരികളും യുവതികളുമായ സ്ത്രീകളോട് മനോഹരമായ ഒരുക്കങ്ങള്‍ ചെയ്യാന്‍ ഏര്‍പ്പാടാക്കി. അവര്‍ വളരെ ഭംഗിയില്‍ അണിഞ്ഞൊരുങ്ങി. പൂക്കള്‍, സുഗന്ധദ്രവ്യങ്ങള്‍, നിറദീപങ്ങള്‍, മുത്തുക്കുടകള്‍, താളമേളങ്ങള്‍, വാദ്യങ്ങള്‍, പട്ടുവസ്ത്രങ്ങള്‍ എന്നിവകളെല്ലാം എടുത്ത് അനേക വാല്യക്കാരോടും നൃത്തക്കാരോടുമൊപ്പം വേഗമെത്തി. രാജാവ് അവരോടും വിവിധ പ്രകാരത്തിലുള്ള ഭോജനദ്രവ്യങ്ങളോടും, മറ്റു സുയോഗ്യവസ്തുക്കളോടും കൂടി ശുകദേവന്റെ മുമ്പില്‍ നേരിട്ട് ചെന്ന് സല്‍ക്കാരങ്ങള്‍ ആരംഭിച്ചു. ചക്രവര്‍ത്തിമാര്‍പോലും കൊതിക്കുന്നതരത്തിലുള്ള ഗംഭീരസ്വീകരണമാണ് ശുകദേവന് രാജാവ് നല്‍കിയത്.താന്‍ ഏര്‍പ്പെടുത്തിയ പ്രലോഭനങ്ങളെ അതിജീവിച്ചു നില്ക്കുന്ന ശുകദേവനെ സമീപിച്ച് ജനകമഹാരാജാവ് ഭക്തിപൂര്‍വ്വം നമസ്ക്കരിച്ചു. എന്നിട്ട് എളിമയോടെ തല കുനിച്ചുകൊണ്ട് പറഞ്ഞു:
“മഹാനുഭാവനായ മഹര്‍ഷേ, സാദരനമസ്ക്കാരങ്ങള്‍. അങ്ങ് അങ്ങയുടെ പ്രാപഞ്ചികവിഷയങ്ങള്‍ അവസാനിപ്പിച്ചിരിക്കുന്നവനാണ്. ഇപ്പോള്‍ അങ്ങ് എല്ലാ മനോരഥങ്ങളും നേടിയവനുമായിട്ടിരിക്കുന്നു.
ശുദ്ധമായ കാമനകളോടും, അര്‍ത്ഥശൂന്യമായ ജീവിതത്തോടും കൂടി ആരാണോ അറിയേണ്ട യഥാര്‍ത്ഥ തത്ത്വങ്ങള്‍ അറിഞ്ഞിട്ടുള്ളത് അവനാണ് ജീവന്മുക്തന്‍. ഹേ, ശുകദേവാ! അറിഞ്ഞാലും. പദാര്‍ത്ഥഭാവനാദാര്‍ഢ്യമാണ് ബന്ധനം. വാസനാനാശം തന്നെ മോക്ഷം."
തുടരും............

Wednesday, June 24, 2015

37- എട്ടാം ശ്ലോകം ..


സോയമാത്മാ ആദ്യാക്ഷരം ഓംകാരോധിമാത്രം
പാദാ മാത്രാ മാത്രാശ്ച പാദാ അകാര ഉകാര മകാര ഇതി


: അയം  ആത്മാ =    അപ്രകാരമുള്ള ആത്മാവ്
അധ്യക്ഷരം = അക്ഷരത്തെ അധികരിച്ചു വർത്തിക്കുന്നതാകുന്നു
(:) ഓംകാര:= ഓംകാരം
അധിമാത്രം = മാത്രയെ അധികരിച്ചു വർത്തിക്കുന്നു
പാദാ := പാദങ്ങൾ = ആത്മാവിന്റെ പാദങ്ങൾ
മാത്രാ:= മാത്രകൾ ആകുന്നു =ഓംകാരത്തിന്റെ മാത്രകൾ ആകുന്നു
അകാര: ഉകാര: മകാര: ഇതി = അകാരം,ഉകാരം,മകാരം എന്നുള്ള.
മാത്രാ:= മാത്രകൾ

പദാ ; = പാദങ്ങളുമാകുന്നു .
സ: അയം  ആത്മാ =    അപ്രകാരമുള്ള ഈ ആത്മാവ്
അധ്യക്ഷരം = അക്ഷരത്തെ അധികരിച്ചു വർത്തിക്കുന്നതാകുന്നു
(സ:) ഓംകാര:= ആ ഓംകാരം
അധിമാത്രം = മാത്രയെ അധികരിച്ചു വർത്തിക്കുന്നു
പാദാ := പാദങ്ങൾ = ആത്മാവിന്റെ പാദങ്ങൾ
മാത്രാ:= മാത്രകൾ ആകുന്നു =ഓംകാരത്തിന്റെ മാത്രകൾ ആകുന്നു
അകാര: ഉകാര: മകാര: ഇതി = അകാരം,ഉകാരം,മകാരം എന്നുള്ള.
മാത്രാ:= മാത്രകൾ
പദാ ;ച = പാദങ്ങളുമാകുന്നു .

ഈ ശ്ലോകങ്ങൾ മുതൽ ഋഷി ബോധപരമായി  വളരുന്നവരുടെ നേട്ടങ്ങളെ കുറിച്ചു സംസാരിക്കുന്നു ..എന്തുമാറ്റമാണ്  ഇങ്ങനെ ധ്യാന സാധനകളിലൂടെ വളരുന്നവർക്ക്  ലഭിക്കുക... സാധാരണ മനുഷ്യൻ നേട്ടങ്ങൾ അറിയാതെ ഒന്നും ശ്രധിക്കുകയില്ലല്ലോ...അതിനാൽ  ആരെങ്കിലും ചോദിക്കുകയാണെന്നിരിക്കട്ടെ "ഈ പരമാത്മ  ബോധത്തെ അറിയാനായി ഞങ്ങൾ സമയം മാറ്റിവച്ചാൽ എന്താണ് ഗുണം  കിട്ടുക ?"
അതിനുള്ള സമാധാനമാണ് ഇനിയുള്ള അഞ്ച്    ശ്ലോകങ്ങളിൽ .
///////////// സ: അയം  ആത്മാ =    അപ്രകാരമുള്ള ഈ ആത്മാവ്
അധ്യക്ഷരം = അക്ഷരത്തെ അധികരിച്ചു വർത്തിക്കുന്നതാകുന്നു//////////// 
ഇങ്ങനെയുള്ള   ഈ ആത്മാവ്  "ഓം "എന്നുള്ള അക്ഷരത്തെ അധികരിച്ചു വർത്തിക്കുന്നതാകുന്നു .
പരമാത്മബോധത്തിലെ സ്പന്ദനങ്ങൾ ആണ് പ്രപഞ്ചം സൃഷ്ടിക്കുന്നത് .ആ സ്പന്ദനങ്ങളുടെ ശബ്ദരൂപം ഓം എന്ന അക്ഷരമാണ്. 
(സ:) ഓംകാര:= ആ ഓംകാരം
അധിമാത്രം = മാത്രയെ അധികരിച്ചു വർത്തിക്കുന്നു
പാദാ := പാദങ്ങൾ = ആത്മാവിന്റെ പാദങ്ങൾ
മാത്രാ:= മാത്രകൾ ആകുന്നു =ഓംകാരത്തിന്റെ മാത്രകൾ ആകുന്നു // /////////// 
ആ ഓംകാരം  മാത്രയെ അധികരിച്ചു വർത്തിക്കുന്നു ..ആത്മാവിന്റെ പാദങ്ങൾ ഓരോന്നും പ്രപഞ്ചമായി  വികസിച്ച ഓംകാരത്തിന്റെ  സ്പന്ദനങ്ങളുടെ മാത്രകൾ ആകുന്നു .
/////////////////////// അകാര: ഉകാര: മകാര: ഇതി = അകാരം,ഉകാരം,മകാരം എന്നുള്ള.
മാത്രാ:= മാത്രകൾ
പദാ ;ച = പാദങ്ങളുമാകുന്നു .//////// 
ആ പാദങ്ങൾ  "അ ,ഉ മ " എന്നീ മാത്രകളാകുന്നു..ആ മാത്രകൾ യഥാക്രമം പ്രപഞ്ചത്തിന്റെ കാരണമായ  പരമാത്മ ബോധ സ്വരൂപന്റെ  പാദങ്ങൾ  ആകുന്നു.

സെൻ  കഥ :-
പുതുതായി വന്ന വിദ്യാർഥി  സെൻ  ഗുരുവിനെ സമീപിച്ചു അദ്ദേഹത്തിന്റെ അദ്ധ്യയനത്തിനായി എങ്ങനെയാണ് താൻ തയാരാകെണ്ടാതെന്നു ചോദിച്ചു...ഗുരു വിശദീകരിച്ചു .." എന്നെ ഒരു മണിയായി കരുതുക ,എന്നെ മ്രുദുവായിട്ടൊന്നു തട്ടുക അപ്പൊൾ  നിനക്കു  ഒരു ചെറിയ ഒരു നാദം  കിട്ടും,ശക്തിയായി അടിക്കുക ,ഉച്ചത്തിൽ കേൾക്കുന്ന ...മുഴങ്ങുന്ന നാദമുണ്ടാവും .."
.തുടരും............

Tuesday, June 23, 2015

36..ഏഴാം  ശ്ലോകംതുടർച്ച.....///////////////


//////////////// അലക്ഷണം  = ലക്ഷണങ്ങൾ  (അറിയാനുള്ള അടയാളം ) ഒന്നുമില്ലാത്തവനും
അചിന്ത്യം = ചിന്തിക്കപ്പെടുവാൻ കഴിയാത്തവനും
അവ്യപദേശ്യം = വ്യപദേശിക്ക (ശബ്ദങ്ങളേക്കൊണ്ട്  നിർദ്ദേശിക്കപ്പെടുവാൻ ) സാധിക്കാത്തവനും
ഏകാത്മ പ്രത്യയ സാരം = ജാഗ്രതാദി  സ്ഥാനങ്ങളിൽ ആത്മാവ് ഒന്നുതന്നെ എന്നുള്ള പ്രത്യയം കൊണ്ട് അനുസരിക്കപ്പെടെണ്ടവനും (ആ) ആത്മ പ്രത്യയം ഒന്നുമാത്രം പ്രമാണമായിട്ടുള്ളവനും
പ്രപഞ്ചൊപശമം = പ്രപഞ്ചത്തിന്റെ ഉപശമത്തോടുകൂടിയവനും = ജാഗ്രതാദി സ്ഥാനധർമ്മങ്ങൾ ഒന്നുമില്ലാത്തവനും
അദ്വൈതം = അദ്വൈതനും ആയിട്ടുള്ളവനെ
ചതുർഥം = നാലാമത്തെ പാദമെന്നു
മന്യന്തേ = ബ്രഹ്മജ്ഞാനികൾ വിചാരിക്കുന്നു,സഹ:= അവനാകുന്നു, ആത്മാ;= ആത്മാവ്
സഹ:= അവനാകുന്നു
വിജ്ഞേയ= അറിയപ്പെടെണ്ടവൻ .///////////////

//////////////// അലക്ഷണം  = ലക്ഷണങ്ങൾ  (അറിയാനുള്ള അടയാളം ) ഒന്നുമില്ലാത്തവനും //////////////////
ബാഹ്യപ്രപഞ്ചത്തിൽ   പ്രകൃതി ആയി കാണപ്പെടുന്ന ഈശ്വരൻ  അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു...ഓരോസേക്കണ്ടിലുംലോകം മുഴുവൻ,ഈ  ശരീരം പോലും മാറിക്കൊണ്ടിരിക്കുകയാണ് ...അവിടെ അവനെ സൂചിപ്പിക്കുവാൻ ഒരു അടയാളവും പറയുക സാധ്യമല്ല.. എന്നാൽ അന്തർലോകമായ, ഏകമായ തുരീയത്തിൽ ദ്വന്തങ്ങളായ രൂപങ്ങൾ ഒന്നുമില്ല ..അതിനാൽ  തുരീയ പരമാത്മാവിന് ലക്ഷണങ്ങൾ ഒന്നുംതന്നെയില്ല.
/////////////////// അചിന്ത്യം = ചിന്തിക്കപ്പെടുവാൻ കഴിയാത്തവനും//////////////
ചിന്തിക്കുന്നവൻ ആരാണ്.കോടാനുകോടി സൂര്യന്മാർ പോലും ഉള്ള  അനന്തമായ പ്രപഞ്ചത്തിൽ വളരെ ചെറിയ സൗരയുധത്തിൽ  വളരെ ചെറിയ ഭൂമിയിൽ വളരെ ചെറിയ സ്ഥലത്തെ  വളരെച്ചെറിയ മനുഷ്യന്റെ മനസ്സാണ് ചിന്തിക്കുന്നത് എങ്കിൽ അതിനു ഇത്രക്കും വലിയ അനന്തതയെ  ചിന്തിക്കുവാൻ സാധിക്കുമോ? മനസ്സിന് കണ്ടിട്ടുള്ളവയെയോ കേട്ടിട്ടുള്ളവയെയോ കുറിച്ചു മാത്രമേ ചിന്തിക്കുവാൻ കഴിയു.അതായത് ഒരു നിശ്ചിത രൂപമുള്ളതിനെ കുറിച്ചേ ചിന്തിക്കുവാൻ കഴിയു.അതിനാൽ  അനന്ത ശായിയായ  അവൻ ചിന്തിക്കാൻ സാധിക്കാത്തവാൻ ആണ്...
///////////////// അവ്യപദേശ്യം = വ്യപദേശിക്ക (ശബ്ദങ്ങളേക്കൊണ്ട്  നിർദ്ദേശിക്കപ്പെടുവാൻ ) സാധിക്കാത്തവനും////////////////////
ശബ്ദങ്ങൾ ഉപയോഗിച്ചു മനുഷ്യൻ ഭാഷ ഉണ്ടാക്കിയത് രണ്ടു പേർക്ക് ഒരുപോലെ ഇന്ദ്രിയങ്ങളിലൂടെ ബാഹ്യ പ്രപഞ്ചത്തിൽ അനുഭവിക്കുവാൻ  സാധിക്കുന്ന കാര്യങ്ങളെ  പരസ്പരം അറിയിക്കുവാൻ വേണ്ടിയാണ് .ബാഹ്യലോകത്ത്  ഭാഷ ഏറെ സഹായകമാണ്..എന്നാൽ ഓരോരുത്തർക്കും  തങ്ങളുടെ അന്തർലോകങ്ങളെ വിനിമയം ചെയ്യുവാൻ ഭാഷ ആണ് ഏറ്റവും വലിയ തടസവും.ഉദാ:- "ഞാൻ നിന്നെ സ്നേഹിക്കുന്നു "എന്ന് പറഞ്ഞു സ്നേഹം പ്രകടിപ്പിക്കുമ്പോൾ അത് യാന്ത്രീകമാകുന്നു .എത്ര പറഞ്ഞാലും മനസ്സിലാകുന്നില്ല..എന്നാൽ ഞാൻ നിങ്ങളെ ഗാഡമായി ആശ്ലെഷിക്കുംപോൾ ആ  സ്നേഹത്തിന്റെ ആഴം  വേഗം പിടികിട്ടുന്നു..അപ്പോൾ ആന്തരീക ലോകത്തെ പരമാത്മഅനുഭവത്തിനെ ഒരാൾക്കും  ശബ്ദങ്ങളിലൂടെ ബാഹ്യലോകത്ത് കൊണ്ടുവരാനോ ശബ്ദങ്ങളിലൂടെ പ്രകടിപ്പിക്കാനോ സാധിക്കുകയില്ല.അതിനായി  ശ്രമിക്കുന്നവർ എല്ലാം പരാജയപ്പെടുന്നു..കാരണം അത് പുറത്ത് ഉച്ചരിക്കുന്ന മാത്രയിൽ അസത്യമായി മാറുന്നു.

////////////////// ഏകാത്മ പ്രത്യയ സാരം = ജാഗ്രതാദി  സ്ഥാനങ്ങളിൽ ആത്മാവ് ഒന്നുതന്നെ എന്നുള്ള പ്രത്യയം കൊണ്ട് അനുസരിക്കപ്പെടെണ്ടവനും (ആ) ആത്മ പ്രത്യയം ഒന്നുമാത്രം പ്രമാണമായിട്ടുള്ളവനും ///////////////
ഇനി എന്തെങ്കിലും ആ തുരീയത്തിൽ അനുഭവിക്കുന്ന പരമാത്മബോധമായ  നിത്യസത്യത്തിന്റെ   അനുഭവത്തിന്റെ വിനിമയത്തിനായി അൽപ്പം  സൂചിപ്പിച്ചേ പറ്റു എങ്കിൽ , അതിനെ ചൂണ്ടികാണിക്കുവാൻ ആയി ന്യൂനതയോടെ ഇങ്ങനെമാത്രം സൂചിപ്പിക്കാം  " പരമാത്മബോധം പലതായ അന്തർ -ബാഹ്യ പ്രപഞ്ചങ്ങളിൽ  ഒക്കെ അടിസ്ഥാനപരമായി ഒന്നായി  നിലകൊള്ളുന്നു."
////////////// പ്രപഞ്ചൊപശമം = പ്രപഞ്ചത്തിന്റെ ഉപശമത്തോടുകൂടിയവനും = ജാഗ്രതാദി സ്ഥാനധർമ്മങ്ങൾ ഒന്നുമില്ലാത്തവനും ////////////////
പ്രപഞ്ചത്തിന്റെ  സ്പന്ദനങ്ങൾ പൂർണമായും   ഇവിടെ നിലച്ചിരിക്കുന്നു...അവസാന ഫിലിം റോളും ഓടി തീർന്നിരിക്കുന്നു...വാസനാ  ബീജങ്ങൾ എല്ലാം ഒഴിഞ്ഞതിനാൽ ആ സിനിമകാണുവാൻ ആരുംതന്നെ അവിടെയില്ല ......കണ്ടപ്പോൾ എല്ലാം പൂർണമായി  ആസ്വദിച്ചു ബോധത്തോടെ,ധ്യാനാത്മകമായി  ,അശ്രധമായിട്ടല്ലാതെ കണ്ടതിനാൽ ഇനിയും അതിനായി ആരും ആ തീയെട്ടരിലെക്കു വരേണ്ടി വരില്ല..അതിനാൽ  പ്രദർശനവും  ഉണ്ടാവില്ല  ..മുന്നിൽ നല്ല തെളിഞ്ഞ വെളുത്ത  അഖണ്ട ബോധമാകുന്ന വലിയ സ്ക്രീൻ മാത്രം .ഈ കാണുന്ന ബാഹ്യ ലോകത്തിന്റെ ...ഭയംകര ശബ്ദമോ ഭീകര രൂപങ്ങളോ ദുഖിപ്പിക്കുന്ന കാഴ്ച്ചകളോ ..യാതനകളോ .. . ദ്രിശ്യങ്ങളോ  അവിടെയില്ല ..വിശ്രാന്തി മാത്രം..എങ്ങും നിറഞ്ഞ ശാന്തത .എങ്ങും ആശ്വാസവും സ്വാതന്ത്യത്തിന്റെ പരമാനന്ദവും മാത്രം.
////////// ശാന്തം = ശാന്തനും
ശിവം= ശിവനും////////////  
 എല്ലാ ചലനങ്ങള്‍ക്കും അപ്പുറത്ത്‌ അനന്തമായി വ്യാപിച്ചു നില്‍ക്കുന്ന സത്യവസ്തു ഏതോ അതിന്റെ പേരാണ്‌ ശിവം. അവൻ അങ്ങേയറ്റം  ശാന്തനും  അങ്ങേയറ്റം മംഗള കാരിയും ആനന്ദമയനും  ആകുന്നു.
//////////////////// അദ്വൈതം = അദ്വൈതനും ആയിട്ടുള്ളവനെ
ചതുർഥം = നാലാമത്തെ പാദമെന്നു
മന്യന്തേ = ബ്രഹ്മജ്ഞാനികൾ വിചാരിക്കുന്നു
സഹ:= അവനാകുന്നു
ആത്മാ;= ആത്മാവ്
സഹ:= അവനാകുന്നു
വിജ്ഞേയ= അറിയപ്പെടെണ്ടവൻ .////////////////////
നമ്മുടെ  അല്ലെങ്കിൽ ഈശ്വരന്റെ നാലാം പാദമെന്നു ബ്രഹ്മജ്ഞാനികൾ വിശേഷിപ്പിക്കുന്ന തുരീയം എന്ന  അവസ്ഥയാണ് ഒരുവൻ  നേടുന്ന പരമമായ  അത്യുന്നത സ്ഥാനം.അവൻ രണ്ടല്ലാത്തവനാണ് ..അഖണ്ടമാണ് ..രണ്ടാകുംപോഴാണ്  സൃഷ്ടിപ്രക്രിയ  തുടങ്ങുന്നത്..അതിവിടെ ശമിച്ചു കഴിഞ്ഞു...അല്ലെങ്കിൽ തുടങ്ങിയിട്ടില്ല...അതായത് രണ്ടായ സൃഷ്ടി നിലവിൽ  ഇല്ല.അവൻ തന്നെയാണ് ഏകനായ ആത്മാവ്..ഈശ്വരനും സകല പ്രപഞ്ചത്തിനും  കാരണ ഭൂതനും അവൻതന്നെ ....അറിവുകളിൽ വച്ചു ഏറ്റവും വലിയ  അറിവും  മനുഷ്യനു  പ്രാപ്യമായ ആനന്ദത്തിന്റെ അത്യുന്നത സ്ഥാനവും ഇതുതന്നെ ..............
ഭഗവദ്   ഗീത :-
അഹമാത്മാ ഗുഡാകേശ സര്‍വ്വഭൂതാശയസ്ഥിതഃ അഹമാദിശ്ച മധ്യം ച ഭൂതാനാമന്ത ഏവ ച (20)
-------------------------------------------------------------------അര്‍ജുനാ! ഞാ‍ന്‍ സകലഭൂതങ്ങളുടെയും ഹൃദയത്തി‍‍ല്‍ സ്ഥിതി ചെയ്യുന്ന ആത്മാവാണ്.  സകലചരാചരങ്ങളുടെയും ആദിയും മദ്ധ്യവും അന്തവും ഞാനാണ്. ആദിത്യാനാമഹം വിഷ്ണുര്‍ജ്യോതിഷാം രവിരംശുമാ‍‍ന്‍ മരീചിര്‍മംരുതാമസ്മി നക്ഷത്രാണാമഹം ശശീ (21) --------------------------------------------------------------------------------------------------------- ആദിത്യന്മാരി‍‍‍ല്‍ വിഷ്ണുവും, ജ്യോതിസ്സുകളി‍‍ല്‍ അത്യുജ്വലനായ സൂര്യനും, വായുദേവന്മാരില്‍ മരീചിയും, നക്ഷത്രങ്ങളില്‍ (നശിക്കാത്ത വസ്തുക്കളില്‍) ചന്ദ്രനും ഞാനാണ്. വേദാനാം സാമവേദോഽസ്മി ദേവാനാമസ്മി വാസവഃ ഇന്ദ്രിയാണാം മനശ്ചാസ്മി ഭൂതാനാമസ്മി ചേതനാ (22) -----------------------------------------------------------------------------വേദങ്ങളില്‍ ഞാ‍ന്‍ സാമവേദമാണ്; ദേവന്മാരില്‍ ഞാ‍ന്‍ ഇന്ദ്രനുമാണ്. ഇന്ദ്രിയങ്ങളി‍‍ല്‍ ഞാ‍ന്‍ മനസ്സാകുന്നു. ഭൂതങ്ങളി‍ലുള്ള ബുദ്ധിയും ഞാനാണ്.
യച്ചാപി സര്‍വ്വഭൂതാനാം ബീജം തദഹമര്‍ജുന ന തദസ്തി വിനാ യത്സ്യാന്മയാ ഭൂതം ചരാചരം (39) ------------------------------------------------------------------------------------------- അര്‍ജുനാ! സകലഭൂതങ്ങളുടേയും ഉ‍ല്‍പത്തികാരണമായത് യാതൊന്നാണോ അത് ഞാനാണ്. എന്നെക്കൂടാതെ ജീവിക്കുവാന്‍ കഴിയുന്നതായി ചരവും അചരവുമായ യാതൊരു വസ്തുവുമില്ല. നാന്തോഽസ്തി മമ ദിവ്യാനാം വിഭൂതീനാം പരന്തപ ഏഷ തൂദ്ദേശതഃ പ്രോക്തോ വിഭൂതേര്‍വിസ്തരോ മയാ (40) ------------------------------------------------------------------------------------------------------------------------------------------------------------------------------അര്‍ജുനാ! എന്റെ ദിവ്യങ്ങളായ വിഭൂതികള്‍ക്ക് അന്തമില്ല. എന്റെ വിഭൂതികളെക്കുറിച്ചുള്ള ഈ വിവരണം ഞാ‍‍‍ന്‍ സംക്ഷേപിച്ച് പറഞ്ഞിട്ടുള്ളതാണ്. യദ്യദ്വിഭൂതിമത്സത്ത്വം ശ്രീമദൂര്‍ജിതമേവ വാ തത്തദേവാവഗച്ഛ ത്വം മമ തേജോംഽശസംഭവം (41) ---------------------------------------------------------------------------------------------------------------- വിഭൂതിയോടുകൂടിയോ, ഐശ്വര്യത്തോടുകൂടിയോ, കരുത്തോടു കൂടിയോ ഉള്ള ഏതെല്ലാം വസ്തുവുണ്ടോ അവയെല്ലാം എന്റെ തേജസ്സിന്റെ അംശത്തില്‍ നിന്നുണ്ടായതുതന്നെയെന്ന് നീ അറിഞ്ഞാലും. അഥവാ ബഹുനൈതേന കിം ജ്ഞാതേന തവാര്‍ജുന വിഷ്ടഭ്യാഹമിദം കൃത്സ്നമേകാംശേന സ്ഥിതോ ജഗത് (42) ---------------------------------------------------------------------------------------------------------------------------------------------------------------------------------------------------------അര്‍ജുനാ! അല്ലെങ്കില്‍ തന്നെ വിസ്‍തൃതമായ ഇതിനെയെല്ലാം അറിഞ്ഞിട്ട് നിനക്കെന്തു കാര്യം? എന്റെ ഒരംശം കൊണ്ട് ഈ ജഗത്തിനെ മുഴുവന്‍ താങ്ങിയിട്ട് ഞാന്‍ വര്‍ത്തിക്കുന്നു.
.തുടരും............
Read more on Blog- http://mandookyam.blogspot.in/
Like - https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625


Monday, June 22, 2015

35..ഏഴാം  ശ്ലോകംതുടർച്ച.....///////////////


//////////////// ന അപ്രജ്ഞം = അപ്രജ്ഞൻ  (അചേതൻ ) അല്ലാത്തവനും .
അദൃഷ്ടം  = ദർശിക്കപ്പെടാത്തവനും
അവ്യവഹാര്യം = വ്യവഹരിക്കപ്പെടാൻ പാടില്ലാത്തവനും
അഗ്രാഹ്യം  = കർമ്മേന്ദ്രിയങ്ങളേക്കൊണ്ട് ഗ്രഹിക്കപ്പെടുവാൻ കഴിയാത്തവനും
അലക്ഷണം  = ലക്ഷണങ്ങൾ  (അറിയാനുള്ള അടയാളം ) ഒന്നുമില്ലാത്തവനും///////////////
/////////////// ന അപ്രജ്ഞം = അപ്രജ്ഞൻ  (അചേതൻ ) അല്ലാത്തവനും .//////////////////
മനസ്സില്ലാത്തവൻ,വികാരങ്ങൾ  ഇല്ലാത്തഅവസ്ഥയാണ് ഈശ്വരന്റെ പരമാത്മ സ്വരൂപം.അതുകൊണ്ടുതന്നെ അവൻ പലപ്പോഴും സുനാമിയായും...മന്ദമാരുതനായും വന്നുചേരുന്നു...അവൻ ...വികാരങ്ങൾക്കെല്ലാം  മധ്യത്തിൽ അവൻ സ്ഥിതിചെയ്യുന്നു.... വ്യക്തമായി വികാരങ്ങൾ രൂപം  പ്രാപിച്ചു മനസ്സായി എല്ലാം അതിലൂടെ അറിഞ്ഞുകൊണ്ടിരിക്കുന്ന  അവസ്ഥ അവിടെയില്ല...അതിനാൽ  അറിയുന്നവൻ  ,വ്യക്തിത്വം അവിടെയില്ല.....എന്നാൽ എല്ലാം അറിയുന്ന ബോധം അടിയിൽ ഉണ്ടുതാനും.
////////////// അദൃഷ്ടം  = ദർശിക്കപ്പെടാത്തവനും/////////////// ദൃഷ്ടാവ് എന്ന  എല്ലാം കൗതുകത്തൊടെ   കാണാൻ ആഗ്രഹിക്കുന്നവൻ ഇല്ലാതെയാകുമ്പോൾ അവിടെ ദർശിക്കുക   എന്ന പ്രക്രിയ നടക്കുന്നില്ല...അതിനാൽ  ദൃശ്യം ഉണ്ടെങ്കിലും ദര്ശിക്കപ്പെടുന്നില്ല ...കാരണം ദൃഷ്ടാവ് ദൃശ്യമായി മാറിയിരിക്കുന്നു..
//////////// അവ്യവഹാര്യം = വ്യവഹരിക്കപ്പെടാൻ പാടില്ലാത്തവനും/////////////
വ്യവഹാരത്തിന് രണ്ടു പേർ  ആവശ്യമുണ്ട് .എന്നാൽ ഇവിടെ ഉള്ളിൽ  നടക്കുന്ന കാര്യങ്ങലായതിനാൽ അതിനെ ബാഹ്യലോകത്തേക്ക്‌ കൊണ്ടുവരാനും വ്യവഹരിക്കാനും കഴിയില്ലല്ലോ...അങ്ങനെ ആരെങ്കിലും വ്യവഹരിക്കുവാൻ ..അതിനെ ബാഹ്യപ്രപഞ്ചത്തിൽ കൊണ്ടുവന്നു വാക്കുകളിലൂടെ പറയാൻ തുടങ്ങുന്ന നിമിഷം ഈശ്വരൻ എന്ന  ഏക സത്യം  കള്ളമായി  മാറുന്നു...കാരണം അപ്പോൾ ബോധ തലത്തിൽനിന്നും വ്യത്യസ്ഥമായി ബാഹ്യ ലോകം പലതായി നിലകൊള്ളുന്നു...അവിടെ നിന്റെ ഈശ്വരനും എന്റെ ഈശ്വരനും ഉണ്ടായേ മതിയാകു .അതിനാലാണ്  ഋഷി തുരീയം എന്ന്  മാത്രം വിളിച്ചത്.
///////////// അഗ്രാഹ്യം  = കർമ്മേന്ദ്രിയങ്ങളേക്കൊണ്ട് ഗ്രഹിക്കപ്പെടുവാൻ കഴിയാത്തവനും/////////////
ഗ്രഹിക്കുക എന്ന  പ്രക്രിയ സാധാരണയായി നടക്കുന്നത് മനസ്സിലാണ്...മനസ്സ് പഞ്ചെന്ദ്രിയങ്ങളിൽനിന്നുള്ള  സംവേടനംങ്ങളെ തിരിച്ചറിയുകയാണ് അവിടെ സംഭവിക്കുക .എന്നാൽ ഇവിടെയെത്തുന്ന സാധകനെ  സംബന്ധിച്ചു  അയാൾ  രണ്ടായതെല്ലാത്തിനും  യോഗംസംഭാവിച്ച്ചവൻ  അഥവാ പൂർണനായ  "യോഗി" ആയിമാറുന്നതിനാൽ  അയാളേസംബന്ധിച്ചിടത്തോളം ഗ്രഹിക്കൽ അഥവാ മനസ്സിലാക്കൽ എന്നതിന്റെ ആവശ്യം ഇല്ലതന്നെ ...അവിടെ മനസ്സിലാക്കപ്പെടുന്ന ബാഹ്യപ്രപഞ്ചത്തിൽനിന്നുള്ള സംവേദനങ്ങൾ ശരീരസംരക്ഷണ വുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നു. മനസ്സിലാക്കുന്നവനും മനസ്സിലാക്കുന്നതും എന്ന വ്യത്യാസം പ്രാജ്ഞനിൽ  വരയെ വരുന്നുള്ളൂ.തുരീയത്തിൽ ബോധം അകത്തും വ്യാപിച്ചിരിക്കുന്നതിനാൽ അവിടെ ഗ്രഹിക്കുവാനായി ഒരു വ്യക്തിത്വം ,മനസ്സ് നിലനില്ക്കുന്നില്ല.അതിനാൽ  അത് ഒരേസമയം പൂർണ്ണമായ  അറിവും അറിവില്ലാ യ്മയുമാകുന്നു .അതുകൊണ്ടുതന്നെ ഈശ്വരനെ അറിയാൻ ശ്രമിച്ച്ചവരൊക്കെ പരാജയപ്പെടുന്നു....പരാജയപ്പെടുകയും ചെയ്യും..കാരണം സ്വന്തം മനസ്സാകുന്ന അഹംകാരത്തിനു  ആ വലുപ്പത്തെ ചിന്തിക്കുവാൻ പോലും സാധ്യമല്ല.ഏക പോംവഴി ആ അഹംകാരത്തിനു  സ്വയം ഇല്ലാതാവുക എന്നതുമാത്രമാണ്...അപ്പോൾ അത് എല്ലാമായ ബോധമായി സ്വയം തിരിച്ചറിയുന്നു  .വെള്ളത്തുള്ളി സമുദ്രത്തിൽ വീണ്  താൻ സമുദ്രമാണെന്ന് സ്വയം അറിയുകയും ...സർവശക്തനാവുകയും അനന്ത സ്വാതന്ത്രിയവും പരമാനന്ദവും അനുഭവിക്കുകയും ചെയ്യുന്നു..........

സെൻ കഥ 


ഒരിക്കൽ ഒരിടത്ത് തത്വചിന്തകനും പണ്ടിതനുമായിരുന്ന  ഒരുവൻ  സെൻ  പഠനത്തിനായി വർഷങ്ങൾ സ്വയം സമർപ്പിച്ചു .അവസാനം ബോധോദയമുണ്ടായ ദിവസം തന്റെ പുസ്തകങ്ങൾ  എല്ലാം എടുത്തു മുറ്റത്ത് കൊണ്ടുവന്നു വച്ചു .എന്നിട്ട് അതിനു തീ കൊളുത്തി...!!!
..തുടരും............

Saturday, June 20, 2015

34..ഏഴാം  ശ്ലോകംതുടർച്ച.....///////////////


////////////// // ന അന്ത: പ്രജ്ഞം  = അന്തപ്രജ്ഞൻ അല്ലാത്തവനും
ബഹിഷ് പ്രജ്ഞം = ബഹിഷ് പ്രജ്ഞൻ അല്ലാത്തവനും
ന  ഉഭയത : പ്രജ്ഞം = രണ്ടിടത്തും (ഉള്ളിലും പുറമേയും ) പ്രജ്ഞയുള്ളവനല്ലാത്തവനും//////////////////
ഇവിടുന്നങ്ങോട്ട്  കേൾക്കുന്നവർ അത്ഭുതപ്പെടുകമാത്രം ചെയ്യുന്ന ചില പ്രസ്ഥാവനകളാണ് ഉള്ളത് .അതുകൊണ്ടുതന്നെ ഏകമല്ലാത്തതിനെ അളക്കാൻ  മാത്രം കഴിവുള്ള  മനുഷ്യന്റെ ബുദ്ധിക്കു തുരീയത്തിനെ പിടികിട്ടുകയില്ല ...കാരണം അത്  ഏകമാകുന്നു ...എങ്കിലും  ഒന്നറിഞ്ഞ്  വെക്കാന്മാത്രമായി ഋഷി അത് സൂചിപ്പിക്കുന്നു എന്നേയുള്ളു..
/////////////////// // ന അന്ത: പ്രജ്ഞം  = അന്തപ്രജ്ഞൻ അല്ലാത്തവനും
ബഹിഷ് പ്രജ്ഞം = ബഹിഷ് പ്രജ്ഞൻ അല്ലാത്തവനും///////////////
തുരീയത്തിൽ ഒരുവൻറെ  പ്രജ്ഞബോധം  അകത്തും പുറത്തും അല്ലാതെ നിൽക്കുന്നു  എന്ന് പറയാൻ കാരണം അവിടം അകം പുറം എന്നെല്ലാമുള്ള വ്യത്യാസങ്ങൾ ശരീരമോ മനസ്സോ ആഗ്രഹബീജങ്ങളോ  എങ്കിലും ഉള്ളപ്പോളേ  അനുഭവ്പ്പെടുകയുള്ളൂ ..അനുഭവിക്കുന്നവൻ പൂർണമായും   ഇവിടെ ഇല്ലാതായിക്കഴിഞ്ഞു.ഒരു പാത്രം വെള്ളത്തിന്റെ  ഉപരിതലത്തിൽ പകുതി മുങ്ങി കിടക്കുമ്പോൾ അതിനുള്ളിലെ വെള്ളം ,പുറത്തെ വെള്ളം എന്നെല്ലാം നമുക്ക് പറയാൻ സാധിക്കുന്നു. എന്നാൽ അത് പൂർണമായും  മുങ്ങുമ്പോൾ അതിൽ വെള്ളമുന്ടെങ്കിലും  അതിനുള്ളിലെ വെള്ളത്തെ പരാമര്ശിക്കുന്നതിൽ  അര്തമില്ലാതെ പോകുന്നു...ഇവിടെയും ബോധം എല്ലാത്തിനെയും സ്രിഷിക്കുവാൻ കാരണമായ അഖണ്ട പരമാത്മബൊധത്തിൽ പ്രജ്ഞ നിലകൊള്ളുമ്പോൾ അവിടെ അകവും പുറവും ,അങ്ങനെ ഒരു വേറു ക്രുത്യങ്ങളും ഇല്ലതന്നെ .
////////////// ന  ഉഭയത : പ്രജ്ഞം = രണ്ടിടത്തും (ഉള്ളിലും പുറമേയും ) പ്രജ്ഞയുള്ളവനല്ലാത്തവനും//////////////////
പ്രജ്ഞ എന്നത് അഖണ്ട ബോധത്തിൽ ലയിച്ചു കഴിഞ്ഞാൽ പിന്നെ അവിടെ പ്രജ്ഞ ,പരമാത്മബോധം എന്നോന്നുമുള്ള വേർതിരിവുകൾ ഇല്ല.നദി സമുദ്രത്തിൽ ലയിച്ചു കഴിഞ്ഞാൽ പിന്നെ അവിടെ സമുദ്രം എന്നെ പറയുകയുള്ളൂ..ആ സമുദ്രത്തിൽ നദിക്ക് കാരണമായ ജലം  അപ്പോഴും ഉണ്ടല്ലോ ..പക്ഷെ നദിയായി ഇല്ല എന്നും പറയാം...അതായത് ഉണ്ടെന്നും ഇല്ലെന്നും പറയാൻ വയ്യാത്ത മധ്യാവസ്ഥ ..ഇതുപോലെത്തന്നെ ഇവിടെയും പ്രജ്ഞ ഉണ്ടെന്നും ഇല്ലെന്നും പറയാൻ കഴിയില്ല എന്ന് ഋഷി പറയുന്നു.

/////////////////// ന  പ്രജ്ഞാനഘനം  = പ്രജ്ഞാനഘനനല്ലാത്തവനും
ന പ്രജ്ഞം = പ്രജ്ഞൻ (ഒരുമിച്ച് എല്ലാ വിഷയങ്ങളെയും കാണുന്നവൻ ) അല്ലാത്തവനും.
 ന അപ്രജ്ഞം = അപ്രജ്ഞൻ  (അചേതൻ ) അല്ലാത്തവനും . ///////////////
പ്രാജ്ഞനിൽ  പ്രജ്ഞാനനം ഘനമായി നിലകൊള്ളുന്നു എന്ന് പറഞ്ഞിരുന്നു .എന്നാൽ ഇവിടെ പ്രജ്ഞാനം മാത്രം എങ്ങും വ്യാപി ച്ചിരിക്കുന്നു ...അതുമാത്രമേ ലോകത്തുള്ളൂ എന്നതിനാൽ  (രണ്ടില്ലാത്തതിനാൽ )അതിനെ തിരിച്ചറിയുവാൻ എന്നതുപോലെ അങ്ങനെയും വിളിക്കാൻ സാധ്യമല്ല ..അത് ഒരേസമയം അറിവും അറിവില്ലായ്മയും ആകുന്നു.ആ അനുഭവം എല്ലാത്തിനും മധ്യത്തിൽ സ്ഥിതി ചെയ്യുന്നു.കാണുന്നവൻ ,അറിയുന്നവൻ  ഇല്ലാതായതിനാൽ അറിയപ്പെടുന്നതുംഅറിയുന്നവനും ലയിച്ചിരിക്കുന്നു ...പ്രജ്ഞയും പ്രജ്ഞയില്ലായ്മയും ലയിച്ചിരിക്കുന്നു ...   ഇവയെല്ലാംതമ്മിൽ  യോഗം സംഭവിച്ചിരിക്കുന്നു...അതിനാൽ  യോഗംസംഭവിച്ചു ലോകങ്ങളെല്ലാം  തുരീയം എന്ന പരമപദത്തിൽ  ഒന്നുചേർന്ന് ആനന്ദം തന്നെയായി നിലകൊള്ളുന്നു...

സെൻ കഥ
ബുദ്ധഷിശ്യനായ  സുഭൂതിക്ക് ബോധോദയമുണ്ടായി .ഒരുദിവസം ധ്യാനത്തിൽ മുഴുകി മരച്ചുവട്ടിൽ ഇരിക്കുമ്പോൾ പുഷ്പങ്ങൾ തന്റെ ദേഹത്തേക്ക് ഉതിര്ന്നു വീഴുന്നതു അദ്ദേഹം അറിഞ്ഞു ..ആ സംസാരങ്ങൾ കേട്ടു  "എന്ത് അനായാസമായാണ് താങ്കൾ  ശൂന്യതയെക്കുരി ച്ച്  സംസാരിച്ചതു?"
ദൈവത്തിന്റെത് പോലുള്ള ശബ്ദത്തിൽ അവർ അദ്ദേഹത്തെ പുകഴ്ത്തി ..
സുഭൂതി :-"ഞാൻ ശൂന്യതയെക്കുരിച്ച് സംസാരിച്ചതെയില്ല .
അവ മന്ത്രിച്ചു :-"താങ്കൾ  പറഞ്ഞതുമില്ല ,ഞങ്ങൾ കേട്ടതുമില്ല .ഇതാണ് യഥാർത്ഥ  ശൂന്യത ".
ആ നിമിഷം പുഷ്പങ്ങൾ മഴപോലെ വർഷിച്ചു ..

Thursday, June 18, 2015

33..ഏഴാം  ശ്ലോകം.



അന്തഃ പ്രജ്നം ബഹിഃ പ്രജ്നം നോഭയതഃപ്രജ്നം
പ്രജ്നാനഘനം പ്രജ്നം നാപ്രജ്നം
അദൃഷ്ടമവ്യവഹാര്യമഗ്രാഹ്യമലക്ഷണമചിന്ത്യം
അവ്യപദേശ്യമേകാത്മപ്രത്യയസാരം പ്രപഞ്ചോപശമം
ശാന്തം ശിവമദ്വൈതം ചതുർഥം മന്യന്തേ ആത്മാ വിജ്നേയഃ

അന്ത: പ്രജ്ഞം  = അന്തപ്രജ്ഞൻ അല്ലാത്തവനും
ബഹിഷ് പ്രജ്ഞം = ബഹിഷ് പ്രജ്ഞൻ അല്ലാത്തവനും
  ഉഭയത : പ്രജ്ഞം = രണ്ടിടത്തും (ഉള്ളിലും പുറമേയും ) പ്രജ്ഞയുള്ളവനല്ലാത്തവനും
  പ്രജ്ഞാനഘനം  = പ്രജ്ഞാനഘനനല്ലാത്തവനും
പ്രജ്ഞം = പ്രജ്ഞൻ (ഒരുമിച്ച് എല്ലാ വിഷയങ്ങളെയും കാണുന്നവൻ ) അല്ലാത്തവനും.
  അപ്രജ്ഞം = അപ്രജ്ഞൻ  (അചേതൻ ) അല്ലാത്തവനും .
അദൃഷ്ടം  = ദർശിക്കപ്പെടാത്തവനും
അവ്യവഹാര്യം = വ്യവഹരിക്കപ്പെടാൻ പാടില്ലാത്തവനും
അഗ്രാഹ്യം  = കർമ്മേന്ദ്രിയങ്ങളേക്കൊണ്ട് ഗ്രഹിക്കപ്പെടുവാൻ കഴിയാത്തവനും
അലക്ഷണം  = ലക്ഷണങ്ങൾ  (അറിയാനുള്ള അടയാളം ) ഒന്നുമില്ലാത്തവനും
അചിന്ത്യം = ചിന്തിക്കപ്പെടുവാൻ കഴിയാത്തവനും
അവ്യപദേശ്യം = വ്യപദേശിക്ക (ശബ്ദങ്ങളേക്കൊണ്ട്   നിർദ്ദേശിക്കപ്പെടുവാൻ ) സാധിക്കാത്തവനും
ഏകാത്മ പ്രത്യയ സാരം = ജാഗ്രതാദി  സ്ഥാനങ്ങളിൽ ആത്മാവ് ഒന്നുതന്നെ എന്നുള്ള പ്രത്യയം കൊണ്ട് അനുസരിക്കപ്പെടെണ്ടവനും () ആത്മ പ്രത്യയം ഒന്നുമാത്രം പ്രമാണമായിട്ടുള്ളവനും
പ്രപഞ്ചൊപശമം = പ്രപഞ്ചത്തിന്റെ ഉപശമത്തോടുകൂടിയവനും = ജാഗ്രതാദി സ്ഥാനധർമ്മങ്ങൾ ഒന്നുമില്ലാത്തവനും
ശാന്തം = ശാന്തനും
ശിവം= ശിവനും
അദ്വൈതം = അദ്വൈതനും ആയിട്ടുള്ളവനെ
ചതുർഥം = നാലാമത്തെ പാദമെന്നു
മന്യന്തേ = ബ്രഹ്മജ്ഞാനികൾ വിചാരിക്കുന്നു
സഹ:= അവനാകുന്നു
ആത്മാ;= ആത്മാവ്
സഹ:= അവനാകുന്നു

വിജ്ഞേയ= അറിയപ്പെടെണ്ടവൻ .

ഒരു   മനുഷ്യന്  എത്തിച്ചേരാൻ കഴിയുന്ന ഏറ്റവും വലിയ ഉന്നതിയെക്കുറിച്ചു  ഋഷി സാക്ഷ്യപ്പെടുത്തുകയാണി വിടെ .ഇതിലും വലിയ ഒരു ഉയര്ച്ചയെക്കുറിച്ചു കാലാകാലങ്ങളിൽ വന്ന ഒരു മിസ്റ്റിക്കുകളും രേഖപ്പെടുത്തിയിട്ടില്ല ..ഒരു മനുഷ്യന്റെ പരമമായ അത്യുന്നത പരിണാമാവസ്ഥ .ഈ അവസ്തയിലെത്തുവാനാണ് നാം കോടിക്കണക്കിനു ജന്മങ്ങളിലൂടെ സഞ്ചരിച്ച് ഈ മനുഷ്യജന്മത്തിൽ എത്തിയതെന്ന് പറയപ്പെടുന്നു.എന്തായാലും ഇവിടെ ഋഷി അതിനെക്കുറിച്ചു സംസാരിക്കുവാൻ ശ്രമിക്കുന്നുവെങ്കിലും ...അദ്ദേഹം അതിനു ഒരു പേരുപോലും നൽകാൻ  തയാറായിട്ടില്ല ...അതിനെ അദ്ദേഹം "നാലാമത്തേത് " (തുരീയം ) എന്നുമാത്രമേ വിശേഷിപ്പിക്കുന്നുള്ളു ..  കാരണം രണ്ടായി നിലകൊള്ളുന്നതിന് മാത്രമേ നമുക്ക്  പേര് നൽകാൻ കഴിയുകയുള്ളൂ. സമുദ്രത്തിൽ തിരമാലകൾ പ്രത്യേകം കാണപ്പെടുന്നതിനാൽ അവയ്ക്ക്  ആ  പേര് ലഭിച്ചു ..എന്നാൽ   ആ വെള്ളത്തുള്ളികൾ തിരമാലക്ക് മുൻപും  പിൻപും സമുദ്രത്തിന്റെ ഭാഗമായി നിലകൊള്ളുമ്പോൾ അവയ്ക്ക് പേരുനൽകാൻ  സാധിക്കുകയില്ല.ഖുറാനിൽ ദൈവത്തിന്റെ 100 നാമങ്ങളിൽ 99 നാമങ്ങൾ ഉണ്ട് .100ആമത്തെ  നാമം മൗനമാണ്‌ .അത് അനുഭവിക്കുവാനുള്ളതാണ് .ശംസ് തബ്രീസ് റൂമിയെ  നൂറാം നാമം മുന്നിലിരുത്തി അനുഭവിപ്പിക്കുകയായിരുന്നു. 99 ൽ എത്തിയാലേ നൂറാമത്തെത് അറിയാനാകു. .പ്രാജ്ഞനിൽ  എത്തുമ്പോഴേ തുരീയം അനുഭവിച്ചു തുടങ്ങാനാവു.അതുപോലെതന്നെ ബോധം  സ്വപ്ന സ്ഥാനമായ തൈജസനിലും ബാഹ്യലോകമായ വൈശ്വാനരനിലും നിലകൊള്ളുമ്പോൾ ബോധം തന്നെ പലതായി കാണപ്പെടുന്നു ...അതിനാൽ  അവിടെ എന്തിനെയും പേരുചൊല്ലി വിളിക്കാൻ സാധിക്കുന്നു ..എന്നാൽ  തുരീയം എന്ന  ഈ നാലാം പാദത്തിലേക്കെത്തുംപോൾ  ഇവിടെ അഖണ്ട ബോധസ്വരൂപം പ്രാജ്ഞനിൽ  ഉണ്ടായിരുന്ന ആഗ്രഹ ബീജങ്ങളെയും ശൂന്യമാക്കി അവിടെയും പൂർണബോധം   നിറഞ്ഞുകൊണ്ട്  സർവവ്യാപിയായി  പ്രകാശമാനമായി സ്ഥിതിചെയ്യുന്നു.അതിനാൽ  അവിടെ ദ്വന്തങ്ങൾ ഇല്ലാത്തതിനാൽ വാക്കുകൾ  കൊണ്ട് ആ അനുഭവത്തെ വിവരിക്കുവാൻ കഴിയുകയില്ലതന്നെ.കാരണം ഭാഷ നിലനില്ക്കുന്നത് മനസ്സിന്റെ ബിംബങ്ങളായ ദ്വന്തങ്ങളിൽ ആണ്.ഉദാ:-  പകൽ  അറിയുവാൻ രാത്രിയെ അറിയേണ്ടതാണ് ... സത്യം എന്നവാക്ക് കള്ളം എന്ന വാക്കിനോടുകൂടിയെ അറിയാൻ കഴിയു.ഇഷ്ടം വേറുപ്പിനോടുകൂടിയെ അറിയാൻ കഴിയു .ഭാഷ എപ്പോഴും രണ്ടിന്റെ, എതിർ  ധ്രുവങ്ങളുടെ  താങ്ങോടുകൂടിയ   മനസ്സിൽമാത്രം  നിലനിൽക്കുന്നു .സത്യം മധ്യത്തിൽ നിലനിൽക്കുന്നു ..അനുഭവങ്ങൾ  മധ്യത്തിൽ നിലനിൽക്കുന്നു ..അതുകൊണ്ടാണ് സ്നേഹത്തെ ഇത്രയും കാലമായിട്ടും ഒരാൾക്കും  വ്യക്തമായി നിർവചിക്കുവാൻ  സാധിക്കാതിരുന്നത് .. അങ്ങനെയെങ്കിൽ ദ്വന്തങ്ങളാ ൽ നിർമ്മിതമായ ഈ മനസ്സേ ശൂന്യമായ ഒരുവനിൽ ദ്വന്തങ്ങൾ ഉണ്ടാവുക അസാധ്യമാണ്...ഭാഷയും..അതിനാൽ  ഋഷി ഈ ഭാഗത്തെ വിവരിക്കുന്നതിൽ തന്റെ നിസ്സഹായാവസ്ഥയും പരാജയവും "തുരീയം " എന്ന് വിളിച്ചുകൊണ്ടു ആദ്യമേതന്നെ വെളിപ്പെടുത്തുന്നു...കാരണം അത് ഓരോരുത്തരും അനുഭവിച്ചു അറിയുവാനുള്ളതാണ്...വിശ്വസിക്കുവാനോ  സങ്കൽപ്പിക്കുവാനൊ  ഉള്ളതല്ല..വിശ്വാസവും സങ്കൽപ്പവും  അനുഭവത്തിന്റെ ശത്രുക്കളാണ്...കാരണം വിശ്വാസി മുൻവിധി ഉള്ളവനാണ്..അനുഭവങ്ങളോ ഒരിക്കലും മുൻ  നിശ്ചയമില്ലാതെ വന്നുകൊണ്ടി രിക്കുന്നവയാണ് .അപ്പോൾ അവതമ്മിൽ ചേരുകയില്ല.അതിനാൽ  ഉപനിഷത്തുകളിലെ ഋഷിമാർ ഒരിക്കലും "നീ വിശ്വസിക്കു"  എന്ന് പറഞ്ഞിട്ടില്ല...നീ "അറിയുക" എന്നാണു പറഞ്ഞത്.അത് അപ്പോൾ നമ്മുടെ  സാമാന്യബുധിയെ   വെല്ലുവിളിക്കുന്നില്ല...വിശ്വാസി നാളെ അവിശ്വാസി ആകുവാൻ സാധ്യതയുണ്ട്..എന്നാൽ അനുഭവിക്കുന്നവൻ  അങ്ങനെയല്ല..കാരണം അനുഭവങ്ങൾ  സത്യവും വിശ്വാസങ്ങൾ സങ്കൽപ്പങ്ങളുമാണ്.അതുകൊണ്ടാണ് ഉപനിഷത്തുകൾ ഗുരുവും  ശിഷ്യനും  തമ്മിലുളള  വാദപ്രതിവാതങ്ങൾ എന്ന  രൂപത്തിൽ കാണപ്പെടുന്നത്..ചുരുക്കത്തിൽ തുരീയം സ്വയം അനുഭവിക്കുവാനുള്ളതാണ് . എങ്കിലും അദേഹം തന്നാലാവും വിധം അതിനെ വിവരിക്കാൻ ശ്രമിക്കുന്നു..ഇത് ദയവായി മനസ്സിലാക്കുവാൻ ശ്രമിക്കാതിരിക്കുക....അനുഭവിക്കുവാൻ മാത്രം ശ്രമിക്കുക എന്ന രീതിയിലുള്ള  ഒരു മുന്നറിയിപ്പോടെ ...........
ഭഗവദ് ഗീത :-.

ബ്രഹ്മണോ ഹി പ്രതിഷ്ഠാഹമമൃതസ്യാവ്യയസ്യ ച ശാശ്വതസ്യ ച ധര്‍മ്മസ്യ സുഖസ്യൈകാന്തികസ്യ ച (27)-----------------------------------------------------------------------------------------------------------------------
ഞാന്‍ അമൃതവും (അനശ്വരവും) അവ്യയവുമായ (മാറ്റമില്ലാ ത്തതുമായ) ബ്രഹ്മത്തിന്റെയും, ശാശ്വതമായ ധര്‍മ്മത്തിന്റെയും, പരമമായ സുഖത്തിന്റെയും നിവാസസ്ഥാനമാകുന്നു.  ..
ജ്യോതിഷാമപി തജ്ജ്യോതിസ്തമസഃ പരമുച്യതേ ജ്ഞാനം ജ്ഞേയം ജ്ഞാനഗമ്യം ഹൃദി സര്‍വ്വസ്യ വിഷ്ഠിതം (18) ---------------------------------------------------------------------------------------------------പ്രകാശങ്ങ‌ള്‍ക്കെല്ലാം പ്രകാശമായിട്ടുള്ള ആ ബ്രഹ്മം അന്ധകാര ത്തിന്നപ്പുറമായിട്ടുള്ളതാണെന്നു പറയുന്നു. അറിവും (ജ്ഞാനം) അറിയപ്പെടേണ്ടതും (ജ്ഞേയം) അറിവിനാ‍‍‍ല്‍ എത്തിച്ചേരേണ്ടതും (ജ്ഞാനഗമ്യം)  എല്ലവരുടെയും ഹൃദയത്തെ അധിവസിക്കുന്നതും അതു (ബ്രഹ്മം) തന്നെ.
യാവത്സഞ്ജായതേ കിഞ്ചിത്സത്ത്വം സ്ഥാവരജംഗമം ക്ഷേത്രക്ഷേത്രജ്ഞസംയോഗാത്തദ്വിദ്ധി ഭരതര്‍ഷഭ (27) ----------------------------------------------------------------------------------------------------------- ഹേ ഭരതവംശശ്രേഷ്ഠാ, സ്ഥാവരവും ജംഗമവുമായുള്ള ജനിക്കുന്ന തെല്ലാം തന്നെ ക്ഷേത്ര-ക്ഷേത്രജ്ഞന്മാരുടെ സംയോഗത്തി‍‍ല്‍ നിന്നാണ് ഉണ്ടാകുന്നത് എന്ന് അറിയൂ.

സമം സര്‍വ്വേഷു ഭൂതേഷു തിഷ്ഠന്തം പരമേശ്വരം വിനശ്യത്സ്വവിനശ്യന്തം യഃ പശ്യതി സ പശ്യതി (28) ---------------------------------------------------------------------------------------------- ജീവജാലങ്ങളിലെല്ലാം സമമായി സ്ഥിതിചെയ്യുന്നവനും നശിക്കുന്നവയിലെല്ലാം അവിനാശിയായി വര്‍ത്തിക്കുന്നവനുമായ പരമേശ്വര‍നെ  ആരാണോ ദര്‍ശിക്കുന്നത് അവ‍ന്‍ ശരിയായി കാണുന്നു (അവന്‍ സത്യത്തെ അറിയുന്നു).
സമം പശ്യന്‍ ഹി സര്‍വ്വത്ര സമവസ്ഥിതമീശ്വരം ന ഹിനസ്ത്യാത്മനാത്മാനം തതോ യാതി പരാം ഗതിം (29) ----------------------------------------------------------------------------------------------------------------- ഈശ്വരന്‍ സര്‍വത്ര ഒരുപോലെ വ്യാപിച്ചിരിക്കുന്നതായി കാണുന്നവ‍ന്‍ (അജ്ഞാനം നിമിത്തം ആത്മാവിനെ അറിയാ തിരിക്കുന്നതിലൂടെ) തന്നെ സ്വയം നശിപ്പിക്കുന്നില്ല.  അതുകൊണ്ട് അവ‍ന്‍‌ പരമപദത്തെ അണയുന്നു.‍.............തുടരും
Read more on Blog- http://mandookyam.blogspot.in/

Wednesday, June 17, 2015

32..ആറാം ശ്ലോകം.തുടർച്ച.....///////////////

ഏഷ := ഇവൻ
സർവസ്യ = എല്ലാത്തിന്റെയും    
യോനി:= യോനിയും = ഉത്ഭവ സ്ഥാനവും//////////////
എല്ലാം സൃഷ്ടിക്കപ്പെടുന്നത് എന്നിൽനിന്നുമാണ് .ഞാൻ ഉള്ളതുകൊണ്ടാണ് ഈ ലോകം എനിക്ക് അനുഭവിക്കാൻ പറ്റുന്നത്...ഞാൻ സുഷുപ്തിയിൽ  ആയിരിക്കുമ്പോളും  മരിക്കുംപോളും  ഈ ലോകം എന്നെ സംബന്ധിച്ചു  നിലവിൽ  ഇല്ല .മരിക്കുമ്പോൾ സുഷുപ്തിയിൽ ആയിരിക്കുംപോൾ ഞാൻ ശുദ്ധമായി നിലകൊള്ളുന്ന ബോധമാണ് .എന്നാൽ പൂർത്തീകരിക്കാത്ത ആഗ്രഹങ്ങൾ അവയുടെ ബീജാവസ്തയിൽ ഊർജ  രൂപങ്ങളായി പതുക്കെ  സപന്ദിക്കുവാൻ തുടങ്ങുമ്പോൾ   ശുദ്ധ ബോധമായ നമ്മിൽ  പ്രപഞ്ചവും ഉണ്ടായിത്തുടങ്ങുന്നു . അപ്രകാരം  അതുവികസിച്ചു  ബാഹ്യലോകമായ വൈശ്വാനരനും സങ്കൽപ്പ ലോകമായ തൈജസനുമായി  പരിണമിക്കുന്നു.....
////////////// ഭൂതാനാം = ഭൂതങ്ങളുടെ
പ്രഭവാപ്യയൗ =  പ്രഭവവും( ഉത്പത്തി സ്ഥാനവും )അപ്യയ (ലയസ്ഥാനവും ) ആകുന്നു ./////////////////  ചുരുക്കത്തിൽ ഇന്ന് നാം കാണുന്ന ഭവിച്ച ...ഈ ഭൂതങ്ങളുടെ..സംഭവിച്ചിട്ടുള്ള  ഈ പ്രപഞ്ചത്തിന്റെ  എല്ലാം  ഉത്പത്തിസ്ഥാനവും ലയസ്ഥാനവും നമ്മുടെതന്നെ ഈ ബോധകെന്ദ്രമായ  പ്രാജ്ഞൻ  ആണ്. അതായത്  പ്രാജ്ഞൻ  ലോകത്തെ സൃഷ്ടിക്കുകയും അതിൽ  രമിക്കുകയും അവസാനം എല്ലാത്തിനെയും തന്നിലേക്ക്   ചുരുക്കുകയും ചെയ്യുന്നു.. അവിടെ ധ്യാനത്മകമായി ബോധത്തോടെ പ്രവേശിക്കുന്നവന് ഈ കള്ളക്കളികൾ എല്ലാം വേഗം പിടികിട്ടുന്നു.അയാൾ   ഇവയൊന്നും ഇല്ലാത്ത സത്യത്തിലുള്ള ലോകത്തെ  അനുഭവിക്കുന്നവനും ആണ് .അയാൾ  ലോക സുഖ ദുഖങ്ങളെ സമമായി തിരിച്ചറിഞ്ഞുകൊണ്ട് അവയിൽ  ഇന്ദ്രിയങ്ങൾ വ്യാപരിക്കുംപോഴും ബോധം അവയിൽ  നിന്നും മോചനം നേടി സദാ ഉള്ളിലേ സുഷുപ്തിസ്താനത്തിന്റെ പരമാനന്ദം നുകർന്നുകൊണ്ടിരിക്കുന്നു.............

ഭഗവദ് ഗീത :-
അഹമാത്മാ ഗുഡാകേശ സര്‍വ്വഭൂതാശയസ്ഥിതഃ അഹമാദിശ്ച മധ്യം ച ഭൂതാനാമന്ത ഏവ ച (20) ------------------------------------------------------------------------------------------------------------------------------------------------------------------------------------------അര്‍ജുനാ! ഞാ‍ന്‍ സകലഭൂതങ്ങളുടെയും ഹൃദയത്തി‍‍ല്‍ സ്ഥിതി ചെയ്യുന്ന ആത്മാവാണ്.  സകലചരാചരങ്ങളുടെയും ആദിയും മദ്ധ്യവും അന്തവും ഞാനാണ്.
യച്ചാപി സര്‍വ്വഭൂതാനാം ബീജം തദഹമര്‍ജുന ന തദസ്തി വിനാ യത്സ്യാന്മയാ ഭൂതം ചരാചരം (39) -----------------------------------------------------------------------------------------------------------------------------
അര്‍ജുനാ! സകലഭൂതങ്ങളുടേയും ഉ‍ല്‍പത്തികാരണമായത് യാതൊന്നാണോ അത് ഞാനാണ്. എന്നെക്കൂടാതെ ജീവിക്കുവാന്‍ കഴിയുന്നതായി ചരവും അചരവുമായ യാതൊരു വസ്തുവുമില്ല.
അഥവാ ബഹുനൈതേന കിം ജ്ഞാതേന തവാര്‍ജുന വിഷ്ടഭ്യാഹമിദം കൃത്സ്നമേകാംശേന സ്ഥിതോ ജഗത് (42) -----------------------------------------------------------------------------------------അര്‍ജുനാ! അല്ലെങ്കില്‍ തന്നെ വിസ്‍തൃതമായ ഇതിനെയെല്ലാം അറിഞ്ഞിട്ട് നിനക്കെന്തു കാര്യം? എന്റെ ഒരംശം കൊണ്ട് ഈ ജഗത്തിനെ മുഴുവന്‍ താങ്ങിയിട്ട് ഞാന്‍ വര്‍ത്തിക്കുന്നു.
....തുടരും..
Read more on Blog- http://mandookyam.blogspot.in/