Monday, July 6, 2015

Visit for more details




41.പന്ത്രണ്ടാം  ശ്ലോകം  (അവസാനിച്ചു ).


“അമാത്രശ്ചതുർഥോ അവ്യവഹാര്യഃ പ്രപഞ്ചോപശമഃ
ശിവോദ്വൈത ഏവമോംകാര ആത്മൈവ, സംവിശത്യാത്മാനാത്മാനം
യ ഏവം വേദ, യ ഏവം വേദ.”

/////////// അമാത്ര: =അമാത്രമായിട്ടുള്ള =മാത്രയില്ലാത്തതായ ഓംകാരം /////////////////
ഓംകാരത്തിന്റെ  നാലാമത്തെ പാദമായ മൗനത്തെയാണ് ആചാര്യൻ ഉദ്ദേശിക്കുന്നത്...ലോകമതങ്ങളിലെ സത്യസന്ധമായ എല്ലാധ്യാന രീതികളും  മനുഷ്യനെ ആന്തരിക മൗനത്തിലെക്കു  നയിക്കുവാനുള്ളവയാണ്.കാരണം അവിടെയാണ് ധ്യാനത്തിന്റെ പുഷ്പങ്ങൾ വിരിയുന്നതും പരമാത്മബൊധമായി മാറുന്നതും.സെൻ  ധ്യാനങ്ങളിലും വിജ്ഞാൻ ഭൈരവതന്ത്രയിലും അഷ്ടാംഗയോഗത്ത്തിലും സൂഫി ധ്യാനങ്ങളിലും ശ്വാസങ്ങളുടെ ഇടവേളകളിലെ ഈ മൗനമാണ്  ഒരുവന്റെ ബാഹ്യബോധത്തെ ആന്തരീകലൊകത്തെക്കു കടത്തിവിടുന്നത്...ആ മൗനമാനു  പ്രാണന്റെ ചലനങ്ങൾ  ഒരുവനെ തിരിച്ചരിയിക്കുന്നത്...ആ ഇടവേളകളിലൂടെയാണ് സാധകൻ തന്റെ അന്തർ ബോധകെന്ദ്രമായ പ്രാജ്ഞനിലേക്ക്  കടക്കുനത് ..അതുതന്നെയാണ് തുരീയമായി മാറുന്നതും..
///////////// അവ്യവഹര്യ:= വ്യവഹാരത്തിനു  വിഷയമല്ലാത്തവനും////////////
വ്യവഹാരത്തിന് വിഷയമാകില്ല തുരീയം .കാരണം വ്യവഹാരം ചെയ്യാൻ രണ്ടു പേര് വേണമല്ലോ ..ഇവിടെ ഒരാൾ  പോലും ഇല്ല.അതുകൊണ്ട് വ്യവഹാരം ചെയ്യേണ്ട ആവശ്യവുമില്ല.സ്വയം   ആത്മാവിൽ രമിക്കുകമാത്രമാണ് ഉണ്ടാവുക .
/////// പ്രപഞ്ചൊപശമ = പ്രപഞ്ചത്തിന്റെ ഉപശമത്തോട് കൂടിയവനും/////////
 തുരീയത്തിൽ പ്രപഞ്ചം ശമിക്കുന്നു...അവിടമാണ് ബോധത്തിന്റെ സ്ഥിരസ്ഥാനം.ബോധം ബാഹ്യലോകത്ത് ച്ചുറ്റി ത്തിരിയുംപോൾ മാത്രമേ പ്രപഞ്ചത്തെ  പരമാത്മാവ്  അനുഭവിക്കുന്നുള്ളൂ ..നമ്മുടെ കോമൻസെൻസ് വച്ച് പോലും ഇതറിയാൻ കഴിയും...അതായത് നാം ഒന്ന് ബോധം കെട്ടു  വിണാൽ  പോലും നമുക്ക് ഈ ബാഹ്യപ്രപഞ്ചമില്ല .അങ്ങനെയെങ്കിൽ ബാഹ്യ പ്രപഞ്ചം നമ്മെ നിലനിറുത്തി അനുഭവിപ്പിക്കുന്ന അടിസ്ഥാനമായ  ആന്തരീക പ്രപഞ്ചമാണ്‌ സ്ഥിരമായിട്ടുള്ളത് ..അപ്പോൾ 'ബാഹ്യബോധം'  അതിൽ കടന്നു ബോധകേന്ദ്രത്ത്തിൽ സ്ഥിരമായാൽ അതാണ്‌ യഥാർത്ഥ  ജീവിതം.മരണമില്ലാത്ത ജീവിതം . അപ്പോൾ ബാഹ്യ പ്രപഞ്ചം വെറും സിനിമപോലെയാണല്ലോ .അതായത് ബാഹ്യ പ്രപഞ്ചം ആ ജീവിതത്തിൽ  സത്യത്തിൽ ഇല്ലതന്നെ ..
///// ശിവ:= ശിവനും
അദ്വൈത:= അദ്വൈതനുമായ//////
അനന്തനായ മംഗളകാരിയും ആനന്ദസ്വരൂപനും ആയ പരമാത്മാവ്  അദ്വൈതനുമാണ് .അതായത് രണ്ട്  എന്ന  അവസ്ഥയില്ല .അവിടെ പരിപൂർണ്ണത  മാത്രമേയുള്ളൂ.
/////// ചതുർത്ഥ := നാലാമത്തെ ആത്മാവുതന്നെ
ഏവം:= ഇപ്രകാരം
ഓംകാര:= ഓംകാരം
ആത്മാ ഏവ = ആത്മാവുതന്നെ ആകുന്നു /////////
ഓംകാരത്തിന്റെ  നാലാമത്തെ പാദമായ തുരിയനെ അറിയുന്നവൻ  ആത്മാവിനെ അറിയുന്നു .കാരണം ഓംകാരമാവുന്ന ആത്മാവിന്റെ  പൂർണ്ണരൂപം  തന്നെയാണ് തുരീയൻ .
//////////// യ:= എവൻ
ഏവം വേദ := ഇപ്രകാരം അറിയുന്നുവോ ...
സ: =അവൻ
ആത്മനാ := ആത്മാവിനെക്കൊണ്ട്
കഴിയുമെങ്കിൽ ആത്മാനം =ആത്മാവിനെ
സംവിശതി = സംവേശിക്കുന്നു = പ്രവേശിക്കുന്നു .////////////
ആരാണോ ഇപ്രകാരം അറിയുന്നത് അവൻ പരമാത്മാവിന്റെ തന്നെ  ഭാഗമായ ബാഹ്യബോധമാകുന്ന ജീവത്മാവിനെ  സാധനകളിലൂടെ ആന്തരീക ബൊധമാകുന്ന പരമാത്മാവിലേക്ക് സന്നിവേശിപ്പിക്കുന്നു.അതാണ്‌ പരമമായ യോഗം.അതാണ്‌ എല്ലാത്തിന്റെയും ഉപശമവും അനന്തമായ ശയനവും..അവിടെ ഒരുവൻ  സൃഷ്ടാവും സൃഷ്ടിയും എല്ലാമായി മാറുന്നു..പരബ്രഹ്മമായ ക്രിസ്തു പറഞ്ഞ പരിശുധാത്മാവായി മാറുന്നു..സൂഫികൾ പറയാറുള്ള പരമകാരുണികനായ അല്ലാഹുവിൽ വിലയം  പ്രാപിക്കുന്നു...അപ്പോൾ "തത് ത്വം അസി "അനുഭവിക്കുന്നു .അവൻ പരബ്രഹ്മം തന്നെയാകുന്നു.അതുതന്നെയാണ് പരമമായ പൂർണ്ണതയും ബുദ്ധന്റെ പരമമായ ശൂന്യതയും.അതുതന്നെയാണ് ഒരു ജീവന്റെ യതാർഥത്തിലുള്ള ആത്ത്യന്തികമായ വിജയവും നേട്ടവും ലക്ഷ്യപ്രാപ്തിയും മോക്ഷവും,നിർവാണവും  എല്ലാം. ഇപ്രകാരം  മാണ്ഡൂക്യോപനിഷത്തിനെ സാധനകളുടെ പിൻബലത്തോടെ തത്വവിചാരം ചെയ്യുന്ന , ദിനവും മനനം ചെയ്യുന്ന, ... ആരീതിയിൽ പ്രപഞ്ചത്തെയും തന്നെത്തന്നെയും സദാ അനുഭവിക്കാൻ ബോധപൂർവം  ശ്രമിക്കുന്ന സാധകനു സത്യങ്ങൾ ഒന്നൊന്നായി തെളിഞ്ഞു വരാൻ തുടങ്ങുന്നു.  അവൻ ബ്രഹ്മംതന്നെ ആയിത്തീരുന്നു .
 മാണ്ഡൂക്യോപനിഷത്ത് സമാപിച്ചു ...

മാര്‍ച്ച്‌ 6, 1938

പെന്‍ഷന്‍പറ്റിയ ഒരു ഹൈക്കോടതി ജഡ്ജിക്ക് ശ്രീ രമണമഹർഷി  ഉപദേശസാരത്തില്‍നിന്നും ചില ഭാഗങ്ങള്‍ വിശദീകരിച്ചു കൊടുത്തു.

1. ധ്യാനം ഒരു പ്രവാഹം എന്ന പോലെ അഭംഗുരമായി ഉണ്ടാകേണ്ടതാണ്. ഈ അഖണ്ഡിത ധ്യാനത്തെ സമാധിയെന്നോ കുണ്ഡലനീശക്തി എന്നോ പറയും.

2. മനസ്സ് ആത്മാവിനോട് ചേര്‍ന്ന് ലയിച്ചിരിക്കണം. അതു വീണ്ടും ഉണരണം. ഉണര്‍ന്നാല്‍ അത് പഴയമട്ടില്‍ പൂര്‍വ്വവാസനകളോടുകൂടി ഇരിക്കും. ഒടുവില്‍ മനോവൃത്തികളെ നിശ്ശേഷം നശിപ്പിക്കാം. സമാധി അവസ്ഥ നമ്മില്‍ ഇപ്പോഴും ഉണ്ട്. അഭ്യാസം കൊണ്ട് നാം നമ്മുടെ ആ ആദി അവസ്ഥയില്‍ എത്തിച്ചേരണമെന്നെ ഉളളൂ. ഇടയ്ക്ക് ഈ അവസ്ഥയില്‍ നിന്നും ഉണര്‍ന്ന്‍ ലോകത്തെ നേരിടണം. മറിച്ച് നിര്‍വ്വികല്‍പ്പ സമാധിയില്‍ കല്ലുപോലെ ഇരുന്നതിന്‍റെ ഫലമെന്ത്‌? എന്നാല്‍ സഹജസമാധിയില്‍ പ്രപഞ്ചദൃശ്യത്തിന്‍റെ യാതൊരു ബാധയും അവനുണ്ടായിരുക്കകയില്ല. സിനിമാസ്ക്രീനില്‍ പല ചിത്രങ്ങളും കാണാം, അഗ്നിബാധയാല്‍ കേട്ടിട്ടങ്ങള്‍ എരിഞ്ഞു വീഴുന്നുണ്ടാവും. വെള്ളപ്പൊക്കത്തില്‍ ഭൂവിഭാഗങ്ങള്‍ പോലും ഇടിഞ്ഞുവീണോഴുകുന്നുണ്ടാവും. പക്ഷേ തിരശീല കരിഞ്ഞിരിക്കുകയില്ല. നനഞ്ഞിരിക്കുകയില്ല. അതു പോലെ പ്രപഞ്ചകാഴ്ചകള്‍ എല്ലാം ജ്ഞാനിയുടെ മുമ്പില്‍ക്കൂടി കടന്നു പോകും. ജ്ഞാനി നിര്‍വ്വികാരനായിരിക്കും. നിങ്ങള്‍ ചോദിക്കാം, ലോകക്കാഴ്ചയില്‍ ജങ്ങള്‍ക്ക്സുഖദുഃഖങ്ങള്‍ ഏര്‍പ്പെടുന്നുവെന്നു. അത് അമിതഭാവനമൂലമാണ്. നിരന്തര ധ്യാനം മൂലവും മനനംമൂലവും ദേഹാത്മബുദ്ധിക്കു ഹേതുവായ വാസനകളെ ഒഴിക്കുമ്പോള്‍ നിരന്തരമായ ആനന്ദാനുഭവം ഉണ്ടാകും.

ചോദ്യം: ആത്മാവു സര്‍വ്വ സാക്ഷിയാണെന്നു പറയുന്നതെന്ത്കൊണ്ട്?

മഹര്‍ഷി: സാക്ഷിത്വം വഹിക്കണമെങ്കില്‍ മറ്റൊരു വസ്തു വേണം, അവിടെ ദ്വൈതം വന്നു ചേരുന്നു. ശക്തി എന്ന് പറഞ്ഞാല്‍ സന്നിധി എന്നര്‍ത്ഥം. ആരുടെ സന്നിധി – ആത്മാവിന്‍റെ സന്നിധി. അതുകൂടാതെ ഒന്നും സാദ്ധ്യമല്ല. നോക്കൂ. ദൈനംദിന കര്‍മ്മങ്ങള്‍ക്ക് സൂര്യന്‍ ആവശ്യമാണ്. എന്നാല്‍ സൂര്യന് ഒരു കര്‍മ്മത്തിലും പങ്കില്ല താനും എന്നാലും എല്ലാത്തിനും സാക്ഷിയാണ്. അതുപോലെ ആത്മാവും.

NB:-
എല്ലാ ഗുരുക്കന്മാർക്കും വന്ദനം
പരമാത്മാവിന്റെ കൃപയാൽ,അനുഗ്രഹത്താൽ  ഈ ശ്രമം പൂർത്തീകരിക്കാൻ സാധിച്ചു ...ഇവിടെ അകമഴിഞ്ഞ സ്നേഹം നല്കി പ്രോത്സാഹിപ്പിച്ച എല്ലാ സ്നേഹിതന്മാര്ക്കും ഹൃദയത്ത്തിൽനിന്നും ഉള്ള ആത്മാർഥമായ നന്ദി രഖപ്പെടുത്തിക്കൊള്ളുന്നു ..നന്ദി....നന്ദി ...നന്ദി ... ഹരി .ഓം ..

 സ്വന്തം ശ്രീ ............

(ശ്രീധരൻ നമ്പൂതിരി .)
Read more on Blog- http://mandookyam.blogspot.in/

No comments:

Post a Comment